Sunday, September 25, 2011

നൊവാര്‍ടിസ് vs ഇന്ത്യന്‍ പാറ്റന്റ്






ഔഷധകൊള്ളക്കാരുടെ ടെസ്റ്റ് ഡോസ്:
നൊവാര്‍ടിസ് vs ഇന്ത്യന്‍ പാറ്റന്റ്
ഇന്ത്യയുടെ ആരോഗ്യരക്ഷ തകിടം മറിക്കുന്ന പോരാട്ടത്തിന്റെ അന്തിമനാളുകളാണിത്.ഇന്ത്യയുടെ പേറ്റന്റ് നിയമത്തിനെതിരെ അഞ്ചുവര്‍ഷമായി തുടരുന്ന സ്വിസ് മരുന്ന് കുത്തക ഭീമനായ നൊവാര്‍ടിസ് നടത്തുന്ന നിയമകുരുക്കിന്റെ അവസാന വാദം സുപ്രിംകോടതിയില്‍ നടക്കുകയാണ്.ജീവന്‍രക്ഷാമരുന്നുകളുള്‍പ്പെടെയുള്ളവക്ക് പേറ്റന്റ് അനുവദിക്കാന്‍ പേറ്റന്റ് നിയമത്തിലെ കര്‍ശന മാനദണ്ഡങ്ങളെയാണ് നൊവാര്‍ടിസ് ചോദ്യം ചെയ്യുന്നത്.പേറ്റന്റ് അനുവദിക്കപ്പെട്ടാല്‍ കേസിന് കാരണമാക്കിയ കാന്‍സര്‍ മരുന്നിന്റെ കുത്തകാവകാശം നൊവാര്‍ടിസ് ലഭിക്കും.ഇതേ വഴിയെ മറ്റുകമ്പനികളും നിരന്നാല്‍ കുത്തനെയുള്ള മരുന്നുവിലവര്‍ധനയായിരിക്കും ഫലം.വിധി നിര്‍ണയകമാകുന്നത് ഇന്ത്യക്കെന്നല്ല;വികസ്വര^അവികസിത രാജ്യങ്ങള്‍ക്കെല്ലാമാണ് . ഈ രാജ്യങ്ങള്‍ക്ക് നിലവില്‍ കുറഞ്ഞ നിരക്കില്‍ മരുന്നെത്തിക്കുന്നവരില്‍ മുമ്പന്‍ ഇന്ത്യയാണ് എന്നതാണിതിന് കാരണം.

ലക്ഷ്യം മരുന്നുകൊള്ളയുടെ സാര്‍വത്രിക വിപണി

2005ലാണ്  ലോക വ്യാപാര സംഘടനയുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് പേറ്റന്റ് കരാറില്‍ ഒപ്പുവെച്ചതിനെതുടര്‍ന്ന് ഉല്‍പന്ന പേറ്റന്റ് നിലവില്‍ വന്നു.ജീവന്‍രക്ഷാമരുന്നുകളുള്‍പ്പെടെ വില കുത്തനെ കുതിച്ചുകയറുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ പാര്‍ലമെന്റ് 2005 ല്‍ പുതിയ പേറ്റന്റ് നിയമത്തില്‍ സെക്ഷന്‍ 3(ഡി) ഉള്‍പ്പെടുത്തിയത്.പൊതുജനാരോഗ്യം സംരക്ഷിക്കാനും ജീവന്‍രക്ഷാമരുന്നുകളുടെ ലഭ്യതയും വിലകയറ്റവും നിയന്ത്രിക്കാനും കൂടി ഉദ്ദേശിച്ചുള്ളതായിരുന്നു ഇത്.
നിലവിലെ മരുന്നുകളില്‍ ചെറിയ മാറ്റംവരുത്തി പുതിയ മരുന്നാക്കി പേറ്റന്റ് എടുക്കുന്ന പ്രക്രിയയെ തടയിടാന്‍ കര്‍ശന നിര്‍ദേശങ്ങളോടുകൂടിയതാണ് സെക്ഷന്‍ 3(ഡി). മരുന്ന് വില വര്‍ധിക്കാതിരിക്കുന്നതില്‍ ജീവവായു കുടിയാണ് ഈ സെക്ഷന്‍.പേറ്റന്റ് എടുത്ത് വിപണിയിലെ മരുന്ന് കുത്തകയാക്കി വില വര്‍ധിപ്പിക്കാനുള്ള തന്ത്രത്തിന് തടയിടുകകൂടിയായിരുന്നു ഭേദഗതിയുടെ ലക്ഷ്യം.പുതിയ നിയമപ്രകാരം പേറ്റന്റിനുള്ള അര്‍ഹതക്ക് അനേകം മാനദണ്ഡങ്ങളും പരിശോധനകളുമുണ്ട്.ശരീരത്തില്‍ മരുന്ന് ഉണ്ടാക്കുന്ന ഫലപ്രാപ്തി,ശരീരത്തില്‍ പ്രവര്‍ത്തിക്കാനെടുക്കുന്ന  സമയം തുടങ്ങിയവയാണ് ഇവയില്‍ ചിലത്.ഈ ഗുണമേന്മ(എഫിക്കസി) ഉറപ്പുവരുത്തിയാല്‍ മാത്രമേ പേറ്റന്റിന് പരിഗണിക്കുകയുള്ളൂ.

നൊവാര്‍ടിസിന്റെ പഞ്ചവല്‍സര യുദ്ധം

2006 ലാണ് ചെന്നൈയിലെ ഇന്ത്യന്‍ പേറ്റന്റ് ഓഫിസ് നൊവാര്‍ടിസ് എന്ന സ്വിസ് ബഹുരാഷ്ട്ര ഭീമന്റെ പേറ്റന്റ് അപേക്ഷ നിരസിക്കുന്നത്. കാന്‍സറിനുള്ള ഔഷധമെന്ന നിലയില്‍ ഇമാറ്റിനിബ് എന്ന ജനറിക് മരുന്നിന്റെ ക്രിസ്റ്റലൈന്‍ സോള്‍ട്ടായ ഇമാറ്റിനിബ് മെസലേറ്റ് , 'ഗ്ലിവെക് 'എന്ന ബ്രാന്‍ഡ് നെയിമോടെ  പേറ്റന്റിനായി സമര്‍പ്പിച്ചു.തുടര്‍ന്ന് ഇന്ത്യന്‍ പേറ്റന്റ് അപ്പല്ലേറ്റ് ബോര്‍ഡും നൊവാര്‍ടിസിന്റെ അപേക്ഷ നിരസിച്ചു.പഴയ മരുന്ന് പുതിയ രൂപത്തിലാക്കിയുള്ള കമ്പനിയുടെ ശ്രമത്തിന് പേറ്റന്റ് നല്‍കാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്.  'ഗ്ലിവെക്' തികച്ചും പുതിയ ഉല്‍പന്നമാണെന്നും പേറ്റന്‍സിക്ക് അര്‍ഹതയുണ്ടെന്നുമാണ് നൊവാര്‍ടിസ് വാദിക്കുന്നത്.നേരത്തെയുള്ള മരുന്നിനേക്കാള്‍ 30 ശതമാനം അധികം ശരീരത്തില്‍ ഫലം ചെയ്യുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നു.
2007ല്‍ മദ്രാസ് ഹൈകോടതിയില്‍ പേറ്റന്റ്ഭേദഗതിക്കെതിരെ നൊവാര്‍ടിസ് ഹരജി ഫയല്‍ ചെയ്തു.തുടര്‍ന്ന് 2009 ലാണ് കമ്പനി സുപ്രീംകോടതിയില്‍ പേറ്റന്റ് മാനദണ്ഡത്തെ ചോദ്യംചെയ്ത് ഇന്ത്യന്‍ സര്‍ക്കാരിനെതിരെ ഹരജി ഫയല്‍ ചെയ്തത്.
വിപണിയിലെ മരുന്നില്‍ മാറ്റം വരുത്തി പേറ്റന്റ് എടുക്കാനുള്ള ബഹുരാഷ്ട്രകുത്തകക്കാരുടെ നീക്കങ്ങള്‍ പലതും ഈ സെക്ഷന്റെ മാനദണ്ഡങ്ങളില്‍പെട്ട് തകര്‍ന്നു.എയ്ഡ്സ് പ്രതിരോധ പാറ്റന്റിനായി വന്ന ലോകപ്രശസ്ത ജര്‍മന്‍ കമ്പനിയായ ബോറിഞ്ചര്‍ ഇന്‍ജലേം , നൊവാര്‍ടിസ് എന്ന സ്വിസ് കമ്പനിയും  തിരസ്കാരത്തെ തുടര്‍ന്ന് നിയമ നടപടി സ്വീകരിച്ചു.പേറ്റന്റ് ലഭിച്ചാല്‍ നൊവാര്‍ടിസിന് ലഭിക്കുക 20 വര്‍ഷത്തെ കുത്തകവിതരണാവകാശമാണ്.


തടയിട്ടത് പ്രതിഷേധക്കടല്‍
കാന്‍സര്‍ പേഷ്യന്‍സ് എയ്ഡ് അസോസിയേഷന്‍ എന്ന സംഘടനക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ മെഡിസിന്‍ സാന്‍സ് ഫ്രോണ്ടിയേഴ്സ് എന്ന സംഘടനയാണ് തുടക്കം മുതലേ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്.കര്‍ണാടകയിലെ ഡ്രഗ് ആക്ഷന്‍ ഫോറം ആയിരക്കണക്കിന് പേരുടെ ഓണ്‍ലൈന്‍ പരാതി ശേഖരിച്ച് ചെന്നൈ ഹൈകോടതിയില്‍സമര്‍പ്പിച്ചിരുന്നു. ജീവന്‍രക്ഷക്ക് അത്യാവശ്യമായ മരുന്നുകള്‍ പേറ്റന്റിന് വെക്കാതെ നിര്‍ബന്ധിത ലൈസന്‍സിനായി മറ്റ് മരുന്ന് കമ്പനികള്‍ക്ക് തുറന്നുവെക്കണമെന്നാണ് പ്രതിരോധത്തിനെത്തിയ സംഘടനകളുടെ ആവശ്യം.മരുന്നിലെ കുത്തകാവകാശം നിഷേധിച്ച് പൊതുവിപണിയില്‍ മല്‍സരം നേരിടുന്നതോടെ മരുന്നുവില കുറയാനിടയാക്കുമെന്നാണിവരുടെ പ്രത്യാശ.ബോറിഞ്ചര്‍ ഇന്‍ജലേം കമ്പനിക്കെതിരായി രംഗത്തെത്തിയത് ഇന്ത്യന്‍ നെറ്റ്വര്‍ക്ക് ഓഫ് പീപ്പിള്‍ ലിവിങ് വിത്ത് എച്ച്.ഐ.വി\എയ്ഡ്സ് ,പോസിറ്റീവ് വിമന്‍സ് നെറ്റ്വര്‍ക്ക് എന്നീ എന്‍.ജ.ഒകളായിരുന്നു.പേറ്റന്റ് നിയമം സംരക്ഷിക്കപ്പെടുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്.ബഹുരാഷ്ട്രകമ്പനികള്‍ മരുന്നുകൊള്ളയുടെ പേരില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈ അവകാശം നിലനിര്‍ത്തിക്കിട്ടാനുള്ള പോരാട്ടമാണ് നടത്തുന്നതെന്ന് സംഘടനകള്‍ വിലയിരുത്തുന്നു.പീപ്പിള്‍സ് ഹെല്‍ത്ത് മൂവ്മെന്റ്,ദെല്‍ഹിനെറ്റ്വര്‍ക്ക് പോസിറ്റീവ് പീപ്പിള്‍ എന്നീ സംഘടനകളും പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി.

എന്തുകൊണ്ട് ഇന്ത്യന്‍ മരുന്ന്

ലോകത്ത് വിതരണം ചെയ്യുന്ന എച്ച്.ഐ.വി വരാതിരിക്കാനുള്ള മരുന്നുകളില്‍ 80 ശതമാനവും ഇന്ത്യയില്‍ നിന്നാണ്.എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന മരുന്നുകളില്‍ 92 ശതമാനവും ഇന്ത്യന്‍ മരുന്നുകളാണ്.ആഫ്രിക്കയിലെ രോഗബാധിതരായ ദരിദ്ര ജനവിഭാഗങ്ങളിലേക്കെത്തുന്നതും ഇന്ത്യന്‍ മരുന്നാണ്.വിലകുറവും വ്യാപകമായ ഉല്‍പാദനം നടക്കുന്നതുമാണിതിന് കാരണം.

നൊവാര്‍ടിസിന്റെ വെല്ലുവിളി മരുന്നുകുത്തക കമ്പനികളുടെ ടെസ്റ്റ് ഡോസാണ്.ഇന്ത്യയിലെ വമ്പന്‍ മാര്‍ക്കറ്റ് ലക്ഷ്യമിട്ട മരുന്നുകൊള്ളക്കാരുടെ പരീക്ഷണ ശ്രമം.വിധി നൊവാര്‍ടിസിന് അനുകൂലമായാല്‍  മരുന്നുവില കുതിച്ചുകയറും.ജീവന്‍രക്ഷാമരുന്നുകളേപോലും  കുത്തകയാക്കി പേറ്റന്റിന്റെ ബലത്തില്‍ തോന്നുംപോലെ വില വര്‍ധിപ്പിക്കും.ജനറിക് മരുന്നുകളില്‍ ചെറിയ ഭേദഗതി വരുത്തി കുത്തകക്കാര്‍ പേറ്റന്റിനായി വരിനില്‍ക്കും.മരുന്ന് ചെലവ് വഹിക്കാനാവാതെ മഹാമാരി ബാധിച്ച രോഗികള്‍ മരിച്ചുകൊടുക്കും.ലോകത്തെമ്പാടുമുള്ള വികസ്വര^അവികസിത രാഷ്ട്രങ്ങള്‍ക്ക് ചുരുങ്ങിയ ചെലവിലെത്തിക്കുന്ന എച്ച്.ഐ.വി^കാന്‍സര്‍ മരുന്നുകളേറെയും ഇന്ത്യയില്‍നിന്നുള്ളവയാണ്.ഇന്ത്യയില്‍ മരുന്നുവിലയേറുന്നതോടെ ഇത്തരം രാഷ്ട്രങ്ങളുടെ ആലംബമാണ് നഷ്ടപ്പെടുക.അതിനാല്‍ നൊവാര്‍ടിസിന്റെ വിജയ^പരാജയങ്ങള്‍ ഇന്ത്യയുടെ മാത്രമല്ല;വികസ്വര^അവികസിത രാഷ്ട്രങ്ങളുടെ നിലനില്‍പിന്റെ കൂടി വിഷയമാകുന്നതിവിടെയാണ്.

പ്രശാന്ത്.പി.പി
prasanthpp1977@gmail.com









No comments:

Post a Comment